പള്ളിക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 18 വയസ്സുകാരൻ പിടിയിൽ

 

പള്ളിക്കൽ : പ്രായപൂർത്തിയാകാത്ത 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് ലൈംഗികമായി പീഡനത്തിനിരയാക്കിയ കേസിൽ പ്രതി അറസ്റ്റിൽ. മണമ്പൂർ തോപ്പുവിള വീട്ടിൽ മിഥുൻ (18) ആണ് അറസ്റ്റിലായത്.

പള്ളിക്കൽ സ്റ്റേഷൻ പരിധിയിലുള്ള 15 വയസ്സുള്ള പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പലദിവസങ്ങളിലും പ്രതി പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പെൺകുട്ടിയുടെ ഫോൺ നമ്പർ സംഘടിപ്പിച്ച പ്രതി വാട്സ്ആപ്പ്,ഫേസ്ബുക്ക് എന്നീ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പെൺകുട്ടിയുമായി ചാറ്റിങ് നടത്തുകയും വശീകരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്നാണ് പീഡന നടന്നത്. പെൺകുട്ടിയെ പ്രതി വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.

തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയായിരുന്നു. പൊലീസ് അന്വേഷണം മനസ്സിലാക്കി ഒളിവിൽ പോയ പ്രതിയെ പള്ളിക്കൽ പോലീസ് അറസ്റ്റുചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ രക്ഷകർത്താക്കൾ കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്നു മൊബൈൽ ഫോൺ ഉപയോഗം രക്ഷകർത്താക്കളുടെ സാന്നിധ്യത്തിൽ ആകണമെന്നും പോലീസ് നിർദേശിച്ചു.

പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്ഐ സഹിൽ എം, എസ്.സി.പിഒമാരായ മനോജ്, ബിനു, സി.പിഒമാരായ ഷമീർ വിനീഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു