വെട്ടിക്കൽ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിച്ചു

 

വെട്ടിക്കൽ പാലവും റോഡും ഗതാഗതത്തിന് തുറന്നുകൊടുത്തു. വെട്ടിക്കൽ പാലത്തിന് സമീപം നടന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു.

നബാർഡിൽ നിന്നുള്ള അഞ്ചുകോടി രൂപ ചെലവിട്ടാണ് പാലവും റോഡും നിർമിച്ചത്. പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച നടപ്പാലം പൊളിച്ച് ഗതാഗതയോഗ്യമായ പാലം വേണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നു.മുദാക്കൽ പഞ്ചായത്തിലെ 16, 18 വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പ്രദേശത്തിന്റെ ഗതാഗതചരിത്രത്തിലെ പുതിയ അധ്യായമാകും. എട്ടുമീറ്റർ വീതിയും 16 മീറ്റർ നീളവുമുള്ളതാണ് പാലം. മൺപാതയെ ഉയർത്തിയാണ് പാലത്തിലേക്കുള്ള റോഡൊരുക്കിയിട്ടുള്ളത്. റോഡിന് എട്ട് മീറ്റർ വീതിയും 350 മീറ്റർ നീളവുമുണ്ട്.

വി.ശശി എം.എൽ.എ, ജില്ലാപഞ്ചായത്ത് ഉപാധ്യക്ഷ എ.ഷൈലജബീഗം, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുദാക്കൽ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, കിഴുവിലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോന്മണി, അഞ്ചുതെങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈജു തുടങ്ങിയവർ പങ്കെടുത്തു.