പൂവച്ചലിൽ പ്രവാസിയുടെ വീട്  കുത്തിത്തുറന്ന് മോഷണം

പൂവച്ചൽ : പൂവച്ചൽ പുന്നാംകരിക്കകത്ത് പ്രവാസിയുടെ വീട്  കുത്തിത്തുറന്ന് അഞ്ച് പവനോളം സ്വർണവും വെള്ളി ആഭരണങ്ങൾ, രണ്ട് ലാപ്ടോപ് എന്നിവയും കവർന്നു. നാലു ലക്ഷത്തി​ന്റെ  നഷ്ടം കണക്കാക്കുന്നു.  പുന്നാംകരിക്കകം നജുമുദ്ദീന്റെ ജമീല മൻസിലിൽ  ചൊവ്വ രാത്രിയാണ്‌ മോഷണം നടന്നത്. ഭാര്യ ഷെഹനയും മക്കളും സുഖമില്ലാതെ കിടക്കുന്ന ഉമ്മയെ കാണാൻ ചൊവ്വാഴ്ച കാപ്പിക്കാട്ടെ വീട്ടിൽ പോയിരുന്നു. ബുധനാഴ്ചയാണ് എത്തിയത്. പുലർച്ചെ അഞ്ചോടെ നജുമുദ്ദീ​ന്റെ ഉമ്മ വീട് തുറക്കാൻ എത്തിയപ്പോഴാണ് മുൻവാതിൽ പൊളിച്ചനിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ അറിയിച്ചു. മുൻവശത്തെ വാതിൽ തകർത്താണ് കവർച്ച. പിന്നിലെ വാതിൽ തുറന്നാണ് കള്ളൻ പുറത്തുകടന്നത്. കിടപ്പുമുറികളും അലമാരകളും കുത്തിത്തുറന്ന നിലയിലാണ്. വസ്ത്രങ്ങളടക്കം  സാധനങ്ങൾ വലിച്ചുവാരിയിട്ടിരുന്നു. അടുക്കളയിലെയും സ്റ്റോർ മുറിയിലെയും  അരി, പലവ്യഞ്ജങ്ങൾ സൂക്ഷിക്കുന്ന അലമാരകളും വലിച്ചുവാരി ഇട്ടിട്ടുണ്ട്. അലമാരയിൽ സൂക്ഷിച്ച സ്വർണമാണ് കവർന്നത്.
കാട്ടാക്കട പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ശ്വാനസേനയുമെത്തി. സുജിത്, രജിത് എന്നിവരുടെ നേതൃത്വത്തിലാണ് സ്നിഫർ ഡോഗ് ജൂഡി എത്തിയത്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തുന്നുണ്ട്.