ആറ്റിങ്ങലിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് പോളിടെക്നിക്കിന് സമീപം ജയഭാരത് റോഡിൽ വീടുകൾ കുത്തിത്തുറന്ന് മോഷണം.ആളില്ലാതിരുന്ന രണ്ട് വീടുകളിലാണ് മോഷണം നടന്നത്.ശ്രീസായിയിൽ സുദേവന്റെ വീടിൻറെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കൾ 40,000 രൂപ മോഷ്ടിച്ചു . വീടിന് മുൻവശത്തെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. പിൻവശത്തെയും വാതിൽ തുറന്നിട്ട നിലയിലാണ് കണ്ടെത്തിയത്.സുദേവന്റെ ഭാര്യ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ആയതിനാൽ വീട്ടിൽ ആരും ഇല്ലായിരുന്നു.

ഈ വീടിന്റെ എതിർവശത്തുള്ള പഞ്ചവടിയിൽ വീട്ടിലും സമാനരീതിയിൽ കതക് വെട്ടിപ്പൊളിച്ച് അകത്തുകയറി . ഉടമ കഴിഞ്ഞ ദിവസമാണ് വീട് പൂട്ടിയിട്ട് വിദേശത്തേക്ക് പോയത്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഫിംഗർ പ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.