വാട്‌സ്ആപ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

 

ആറ്റിങ്ങൽ : അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്ത്രീകളടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന എം സാബുവിനെയാണ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് താല്‍ക്കാലികമായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. അംഗീകൃത സംഘടനയുടെ വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇയാള്‍ അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഷൂട്ട് ചെയ്ത് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. ഗ്രൂപ്പില്‍ മുപ്പത്തഞ്ചോളം സ്ത്രീകളും അംഗങ്ങളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം.തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി ഗിരീഷാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.