ഭാര്യയും മക്കളും വീട്ടിൽ നിന്ന് പോയില്ല, ഭർത്താവ് വീടിന് തീയിട്ടു: പള്ളിക്കൽ പോലീസ് പ്രതിയെ പിടികൂടി

 

പള്ളിക്കൽ : നിരന്തരം മദ്യപിച്ച് എത്തി വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന യുവാവ് ഭാര്യയോടും മക്കളോടും വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞിട്ടും പോകാത്തതിനെ തുടർന്ന് വീടിന് തീയിട്ടു. പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി.മടവൂർ ചേക്കോട്ടുകോണത്ത് ചരുവിള വീട്ടിൽ സുനിലാ(34)ണ് അറസ്റ്റിലായത്.

നവംബർ 19ന് രാത്രിയിലാണ് സംഭവം. സ്ഥിരം മദ്യപാനിയായ സുനിൽ ഭാര്യയെയും മക്കളെയും ഉപദ്രവിക്കുക പതിവായിരുന്നു. കൂടാതെ ഭാര്യയെയും കുട്ടികളെയും അർദ്ധരാത്രിയിൽ ഇറക്കിവിടുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ ഭയന്നാണ് അവർ കഴിഞ്ഞു വന്നിരുന്നത്. പത്തൊമ്പതാം തീയതി രാത്രിയിൽ സുനിൽ മദ്യപിച്ച് ലക്കുകെട്ട് വരികയും ഭാര്യയോടും കുട്ടികളോടും വീട്ടിൽ നിന്ന് ഇറങ്ങി പോകണം എന്നുപറഞ്ഞ് ബഹളമുണ്ടാക്കുകയും ചെയ്തു. എന്നാൽ അവർ ഇറങ്ങി പോകാതെ വീട്ടിനകത്ത് തന്നെ ഇരിക്കുകയായിരുന്നു .തുടർന്ന് കുട്ടികളുടെ പുസ്തകങ്ങളും തുണികളും വാരിയിട്ടു തീ ഇട്ട ശേഷം ഷീറ്റ് കൊണ്ട് മറച്ച വീടിനും തീയിട്ടു. തീപടരുന്നത് കണ്ടു
ഭാര്യയും കുട്ടികളും ഓടിരക്ഷപ്പെട്ടു. വീട് പൂർണമായും കത്തിനശിക്കുകയും ചെയ്തു. സംഭവത്തിനുശേഷം സുനിൽ ഒളിവിൽ പോയി. തുടർന്ന് പള്ളിക്കൽ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം
മടവൂരിൽ നിന്നും ബസ് കയറി രക്ഷപ്പെടാൻ ശ്രമിക്കവേ പള്ളിക്കൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ്ഐ സഹിൽ എം, എ.എസ് ഐ അനിൽകുമാർ,എസ്.സി.പി. ഒ ജോസഫ് എബ്രഹാം,സിപിഒ ബിനു തുടങ്ങിയവർ ചേർന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു