കളിപ്പാട്ട കൂട്ടവുമായി ചെമ്പൂരിന്റെ കുട്ടിക്കൂട്ടം

ഉച്ചഭക്ഷണം കഴിഞ്ഞുള്ള വിശ്രമവേളയിൽ കുട്ടികൾക്കായി പഴയകാല കളിപ്പാട്ടങ്ങൾ പരിചയപ്പെടുത്തി ചെമ്പൂര് ഗവ: എൽ പി എ സിൽ കളിപ്പാട്ടക്കൂട്ടം സംഘടിപ്പിച്ചു. പരിസ്ഥിതി സൗഹാർദ്ദപരമായ കളിപ്പാട്ടങ്ങളുടെ ഉപയോഗം, പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചുള്ള കളിപ്പാട്ട നിർമ്മാണം എന്നീ ലക്ഷ്യങ്ങളാണ് കളിപ്പാട്ട കൂട്ടത്തിലൂടെ ഉദ്ദേശിച്ചത്. കുരുത്തോലയും, ഓലയും ,പ്ലാവിലയും ,ഇലകളും ഇതിനായി പ്രയോജനപ്പെടുത്തി.ഓല കൊണ്ടുള്ള കണ്ണാടി, വാച്ച്, പാമ്പ് ,കാറ്റാടി, പ്ലാവില തൊപ്പി, പമ്പരം തുടങ്ങി കുട്ടികളിൽ കൗതുകമുണർത്തുന്ന നിരവധി കളിപ്പാട്ടങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് നിർമ്മിച്ചു. പോയ കാലത്തിൻ്റെ മനോഹര നിമിഷങ്ങളിലേക്ക് തിരിച്ചുപോയ അനുഭവത്തോടൊപ്പം പഴയ കാല കളിപ്പാട്ടങ്ങൾ കുട്ടികൾക്ക് സമ്മാനിക്കാനും, നിർമ്മാണ രീതികൾ പരിചയപ്പെടുത്താനും കളിപ്പാട്ട കൂട്ടത്തിലൂടെ കഴിഞ്ഞു.