പുളിമാത്ത് : ഉപജില്ലയിലെ മികച്ച അക്കാദമിക നിലവാരംപുലർത്തുന്ന കൊടുവഴന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമാകാനൊരുങ്ങുന്നു. അടിസ്ഥാന വികസനത്തിനായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മൂന്ന് കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് കളമൊരുങ്ങുന്നത്. സ്ഥലപരിമിതി സ്കൂളിനെ ഒട്ടൊന്നുമല്ല വലച്ചത്. എൽകെജി മുതൽ ഹയർസെക്കൻഡറി വിഭാഗംവരെ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ നിലവിൽ 1300 കുട്ടികൾ പഠിക്കുന്നു. 95 സെന്റ് സ്ഥലമാണ് സ്കൂളിനുള്ളത്. അരനൂറ്റാണ്ട് പഴക്കമുള്ള ആസ്ബസ്റ്റോസ് മേഞ്ഞ ഷെഡ് പൊളിച്ച് നീക്കി അവിടെ ആധുനിക ഹൈടെക് നിലവാരത്തിലുള്ള 15 ക്ലാസ് മുറികൾ ഉള്ള ബഹുനില മന്ദിരം പണിയുകയാണ് ലക്ഷ്യം. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തിയാണ് മൂന്ന് കോടി അനുവദിച്ച് ഉത്തരവിറങ്ങിയത്. സർക്കാർ അംഗീകാരമുള്ള സ്ഥാപനമായ ഇൻഫ്രാസ്ട്രക്ച്ചർ കേരളാ ലിമിറ്റഡ് (ഇൻകൽ) നാണ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല. ഇതിനായി ബി സത്യൻ എംഎൽഎയുടെ നേതൃത്വത്തിൽ ബുധനാഴ്ച ഇൻകൽ ടീം സ്കൂൾ സന്ദർശിച്ചു. ഇൻകൽ എൻജിനീയർമാരായ നെവിൻ, സാഗർ , പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി വിഷ്ണു, പ്രഥമാധ്യാപിക നജുമ, സലിൽ, കെ സുരേഷ്കുമാർ, ബാലചന്ദ്രൻ, സൈജു തുടങ്ങിയവരും ഉണ്ടായിരുന്നു.