വർക്കല : വർക്കലയിൽ പിങ്ക് പോലീസ് വാഹനവും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. വർക്കല ക്ലിഫിനു സമീപം കൊച്ചുവിളമുക്കിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. പിങ്ക് പോലീസ് അലക്ഷ്യമായി വാഹനം ഓടിച്ചു വന്ന് ബൈക്ക് യാത്രികനെ ഇടിച്ചെന്നാണ് ദൃക്‌സാക്ഷികളുടെ ആരോപണം. മാത്രമല്ല ഇടിയുടെ ആഘാതത്തിൽ പോലീസ് വാഹനത്തിന് കീഴിൽപെട്ട ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ സ്വയം രക്ഷയ്ക്ക് വാഹനം മുന്നോട്ട് എടുക്കാൻ ശ്രമിച്ചെന്നും അത് നാട്ടുകാർ തടഞ്ഞാണ് വാഹനത്തിന് അടിയിൽ പെട്ടയാളെ രക്ഷിച്ചതെന്നും നാട്ടുകാർ പറയുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റയാളെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതിന് മുൻപും നിരവധി തവണ അപകടം വിതയ്ക്കുന്ന രീതിയിൽ പിങ്ക് പോലീസ് അലക്ഷ്യമായി വാഹനം ഓടിച്ചെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിങ്ക് പോലീസിന്റെ സേവന ഉദ്ഘാടന ദിവസം പോലും അശ്രദ്ധമായ രീതിയിലാണ് വാഹനം സ്റ്റാർട്ട് ചെയ്തു മുന്നോട്ടു നീങ്ങിയതെന്ന് അന്നേ ആക്ഷേപമുയർന്നിരുന്നു. കാര്യക്ഷമമായ പരിശീലനവും ക്ലാസ്സും നൽകാതെയാണ് പിങ്ക് പോലീസിന് വാഹനം ഓടിക്കാൻ നൽകിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു .