പാങ്ങോട് : സിഗരറ്റ് വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയായ സ്ത്രീയുടെ മൂന്നരപ്പവന്റെ മാല പൊട്ടിച്ചു കടന്ന രണ്ടുപേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കും തട്ടിയെടുത്ത മാലയും കടയ്ക്കലിന് സമീപത്ത് നിന്നു പൊലീസ് കണ്ടെടുത്തു. മോഷണത്തിന് വാഹനം നൽകിയയാളും പിടിയിലായതായി സൂചനയുണ്ട്. എന്നാൽ സംഭവത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് കൂട്ടാക്കിയിട്ടില്ല. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ചെറുവാളം പുഷ്പവിലാസത്തിൽ സുധർമ്മയുടെ മാല അപഹരിച്ചത്. രണ്ടുപേർ കടയ്ക്ക് മുന്നിൽ ബൈക്ക് നിറുത്തി സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് നൽകിയ ശേഷം സുധർമ്മ തീപ്പെട്ടി എടുക്കാൻ തിരിഞ്ഞപ്പോൾ ഇവർ മാല പൊട്ടിച്ച് കടക്കുകയായിരുന്നു. അവിടെ നിന്ന് വാഴത്തോപ്പുപച്ചയിൽ എത്തിയ സംഘം വഴിയാത്രക്കാരിയായ പച്ച സ്വദേശി ശാന്തയുടെ അഞ്ച് പവൻ മാല പൊട്ടിക്കാനും ശ്രമം നടത്തി. വീട്ടമ്മയുടെ കഴുത്തിൽ കിടന്ന തോർത്തിനൊടൊപ്പമാണ് മോഷ്ടാക്കൾ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്. വീട്ടമ്മ തോർത്തിൽ പിടിമുറുക്കി നിലവിളിച്ചതോടെ ഇവർ മാലയും തോർത്തും ഉപേക്ഷിച്ച് കടന്നു. ഇവിടെ നിന്നും പഴവിള വഴി പാങ്ങോട് ജംഗ്ഷനിലെത്തിയ മോഷ്ടാക്കൾ മതിര ഭാഗത്തേക്ക് കടന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാലയും വാഹനവും കണ്ടെത്തിയത്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സി.ഐ സുനിഷ്, എസ്.ഐ അയൻ എന്നിവർ പറഞ്ഞു.
