കാട്ടാക്കട : കാട്ടാക്കട നിയോജക മണ്ഡലത്തിലെ മുഴുവൻ ഹൈസ്കൂള്‍ – ഹയര്‍ സെക്കന്ററി സ്കൂളുകളിലും വിദ്യാർത്ഥിനി സൗഹൃദ മുറികൾ ഒരുക്കുന്നതിന്റെ ഭാഗമായി കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്‌കൂളിലും ഇതിന്റെ ഉദ്‌ഘാടനം നടന്നു. പി.റ്റി.എ പ്രസിഡന്റ് മധുസൂദനൻ നായരുടെ അധ്യക്ഷതയിൽ അഡ്വ. ഐ. ബി. സതീഷ് ഉദ്‌ഘാടനം ചെയ്തു. സ്ത്രീ സൗഹൃദ മണ്ഡലം എന്ന ലക്ഷ്യത്തോടെ കാട്ടാക്കട മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥിനി സൗഹൃദ മുറികള്‍ സ്ഥാപിച്ചിട്ടുള്ളത്. ക്ലാസ് സമയത്ത് പെണ്‍കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതയോ, മറ്റ് പ്രശ്നങ്ങളോ ഉണ്ടായാല്‍ വനിതാ സൗഹൃദ മുറികളില്‍ വിശ്രമിക്കാം. ഇവിടെ കസേര, കിടക്ക, ഫാന്‍, ശുദ്ധജലം, രക്തസമ്മര്‍ദം പരിശോധിക്കുന്നതിനുള്ള സംവിധാനം, വീല്‍ചെയര്‍, ഡ്രസ്സിംഗ് റൂം, നാപ്കിന്‍ വെന്റിംഗ് മെഷീന്‍, ഇന്‍സിനറേറ്റര്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു നിയോജക മണ്ഡലത്തിലെ എല്ലാ ഹൈസ്കൂള്‍ – ഹയര്‍ സെക്കന്ററി സ്കൂളുകളിലും പെണ്‍കുട്ടികള്‍ക്കായി വിദ്യാര്‍ത്ഥിനി സൗഹൃദ മുറികള്‍ ഒരുങ്ങുന്നത്. 2018-2019 വര്‍ഷത്തെ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും മുപ്പത്തഞ്ചു ലക്ഷത്തി ഇരുപത്തൊന്‍പതിനായിരം രൂപയാണ് ഇതിനായി വിനിയോഗിച്ചിട്ടുള്ളത്. പ്രിസിപ്പാൾ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, മറ്റു ജീവനക്കാർ, പി. റ്റി. എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
പേയാട് സെന്റ് സേവിയേഴ്സ് സ്കൂൾ, വിളവൂർക്കൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, കാട്ടാക്കട പി.ആർ.വില്യം ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ സ്കൂളുകളിലും വിദ്യാർത്ഥിനി സൗഹൃദമുറികൾ തുറന്നിരുന്നു.