മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികവേളയിൽ വൈവിധ്യമാർന്ന പരിപാടികളുമായി തിരുവനന്തപുരം ജില്ലയിലെ മടവൂർ ഗവ: എൽ.പി സ്കൂൾ.1869 ൽ ഗാന്ധിജിയ്ക്കൊപ്പം പിറവിയെടുത്ത് 150-ാം ജന്മവാർഷിക നിറവിൽ നിൽക്കുന്ന മടവൂർ GLPS മഹാത്മാവിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് പത്തിന പരിപാടികളാണ് സംഘടിപ്പിക്കുന്നത്.ഒക്ടോബർ 1ന് സ്കൂളിന് സമീപത്തെ ബഡ് സ്കൂളും പരിസരവും കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേർന്ന് ശുചീകരിച്ചു കൊണ്ടാണ് ഗാന്ധിജയന്തി ആഘോഷങ്ങൾക്ക് നാന്ദി കുറിച്ചത്.തുടർന്ന് വരുന്ന ദിവസങ്ങളിൽ ബാപ്പുവിനെ അറിയാം പ്രശ്നോത്തരി, ഗാന്ധി സൂക്തങ്ങൾ അവതരണം,ബാപ്പുവിനെ വരയ്ക്കാം ചിത്രരചന, ഗാന്ധി@ 150 പോസ്റ്റർ നിർമ്മാണം, ഗാന്ധി മലയാള കവിതയിൽ, ഗാന്ധി സ്മൃതി യാത്ര, ഗാന്ധിയൻ യുഗം കുട്ടികൾക്ക് ടൈംലൈൻ, ദൃശ്യാവിഷ്കാരം, ഗാന്ധി പതിപ്പ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പഠിപ്പിച്ച ഗാന്ധിജിയുടെ ജീവിത ദർശനം അറിയാനും അഹിംസ സാഹോദര്യം വിശ്വാസ്യത, മുതലായ സദ്ഗുണങ്ങൾ ജീവിതത്തിൽ പുലർത്തേണ്ടതിന്റെ ആവശ്യകത കുട്ടികളിലെത്തിക്കാനുമാണ് പത്തിന പരിപാടികളിലൂടെ വിദ്യാലയം ലക്ഷ്യമിടുന്നത്.