മണമ്പൂർ : മണമ്പൂർ പഞ്ചായത്തിലെ ചാത്തമ്പാറ- വലിയവിള പ്രദേശങ്ങളിലെ തെരുവു വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങളായി. അതോടെ പ്രദേശം ഇരുട്ടിന്റെ പിടിയിലായി. ചാത്തമ്പാറ നിന്നും ഇതുവഴിയുള്ള രാത്രികാല യാത്ര ദുർഘടമാണ്. ഇരുട്ടിൽ പൊട്ടിപ്പൊളിഞ്ഞ റോഡിൽ കാലുകൾ തട്ടി നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. റോഡിൻറെ പലഭാഗങ്ങളിലും പാഴ്‍ച്ചെടികൾ വളർന്നു നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. പഞ്ചായത്തംഗത്തെ ബുദ്ധിമുട്ട് അറിയിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. എന്നാൽ വിളക്കുകൾ കത്തിക്കാനുള്ള നടപടി സ്വകരിച്ചു വരികയാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു. പഞ്ചായത്തിലെ ഒന്നുമുതൽ 16 വരെയുള്ള വാർഡുകളിൽ വിളക്കുകൾ സ്ഥാപിച്ചുവെന്നും മറ്റു വാർഡുകളിലും എത്രയും വേഗം വിളക്കുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.