ഇളമ്പ : കിണറ്റിൽ വീണ ഭാര്യയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ഭർത്താവും കുടുങ്ങി. മണിക്കൂറുകൾ കിണറ്റിനുള്ളിൽ അകപ്പെട്ട ഇവരെ അഗ്നിശമനസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്.
ഇളമ്പ കുറണ്ടിവിള വീട്ടിൽ പ്രസീദ കാൽവഴുതി കിണറ്റിൽ വീഴുകയായിരുന്നു. അപകടം കണ്ട ഭർത്താവ് ബിനു ഒന്നും നോക്കാതെ കിണറ്റിലേക്കു ചാടി. നല്ലവെള്ളമുണ്ടായിരുന്നതിനാൽ ഇരുവർക്കും രക്ഷപ്പെടാനായില്ല. പ്രസീദയും ബിനുവും കിണറിന്റെ തൊടിയിൽ പിടിച്ചുനിന്നു.
വീട്ടിലുണ്ടായിരുന്നവർ കയർ ഇട്ടുകൊടുത്തതോടെ അതിൽ പിടിച്ചുനിന്നു. ഒടുവിൽ നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വെഞ്ഞാറമൂട് അഗ്നിശമനസേനയെത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.