വർക്കല : ഒക്ടോബർ ഒന്നിന് വർക്കല ക്ലിഫിൽ നടന്ന റെയ്‌ഡിൽ എക്സൈസ് 180ഓളം മദ്യക്കുപ്പികളാണ് ഒരു റിസോർട്ടിൽ നിന്നും പിടിച്ചെടുത്തത്. ഡ്രൈ ഡേയോടനുബന്ധിച്ച് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരമാണ് പിടിച്ചെടുത്തത്. ക്ലിഫിലെ ചില റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എക്സൈസ് വൻ മദ്യ ശേഖരം പിടികൂടിയത്. ഇടവ സ്വദേശിയായ റഫീഖ്(28) എന്നയാൾ ക്ലിഫിൽ നടത്തുന്ന ഹോം സ്റ്റെയോടു ചേർന്ന് ഒളിപ്പിച്ചു വെച്ചിരുന്ന 15 കെയ്സ് ബിയർ ആണ് പിടിച്ചെടുത്തതെന്നും എക്സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ട റഫീഖിനെ പ്രതിയാക്കി കേസെടുത്തതായും റിപോർട്ടുകൾ വന്നു. ചിലപ്പോൾ ഈ സമയം റഫീഖ് പിടിയിലായിട്ടുണ്ടാവും, എന്തായാലും റഫീഖ് നിരപരാധിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ കിട്ടുന്നത്.
നാളുകളായി ഹോം സ്റ്റേ നടത്തുന്നയാളാണ് റഫീഖ്. സംഭവ ദിവസം തൊട്ടടുത്തുള്ള റിസോർട് ഉടമയും കൂട്ടാളിയും ചേർന്നു ആരും കാണാതെ റഫീഖിന്റെ ഹോം സ്റ്റേ കെട്ടിടത്തിന്റെ സ്റ്റെയർ കെയ്‌സിന്റെ അടിയിൽ കുപ്പികൾ അടങ്ങിയ കാർട്ടൂൺ ബോക്സ് അടുക്കി വെക്കുന്ന സിസി ടീവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ റഫീഖോ അയാളുടെ സ്റ്റാഫുകളോ ഇല്ലെന്നും വ്യക്തമാണ്. രണ്ടുപേർ വന്ന് ബോക്സുകൾ അടുക്കി വെച്ചിട്ട് പോകുന്നതായാണ് ദൃശ്യം. തുടർന്നു എക്സൈസ് എത്തി പരിശോധിക്കുമ്പോഴാണ് റഫീഖ് ഈ ബോക്സുകൾ കാണുന്നതും, അയാൾ ഓടി രക്ഷപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു.ക്ലിഫിലെ ചില റിസോർട്ടുകളിലും റസ്റ്റോറന്റുകളിലും അനധികൃത മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അല്ലെ എക്സൈസ് പരിശോധന നടത്തിയത്. അപ്പോൾ എക്സൈസ് പരിശോധന ഉണ്ടെന്ന് മുൻകൂട്ടി വിവരം ലഭിച്ച തൊട്ടടുത്ത റിസോർട് ഉടമ റഫീഖിന്റെ ഹോം സ്റ്റേയിൽ കൊണ്ട് ഒളിപ്പിച്ചതാവാനാണ് സാധ്യതയെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല ഒരുപക്ഷെ എക്സൈസ് ഹോം സ്റ്റേയിൽ നിന്നും കുപ്പികൾ കണ്ടെടുത്തില്ലെങ്കിൽ അത് അവിടെ കൊണ്ടു വെച്ചയാൾക്ക് അത് തിരിച്ചെടുക്കാം, അതല്ല പിടിക്കപ്പെട്ടാൽ റഫീഖ് അല്ലെ പ്രതിയാവുള്ളൂ എന്ന കുരുട്ട് ബുദ്ധിയാവണം ഇങ്ങനെ ഒരു നീക്കത്തിന് കാരണമെന്നാണ് നിഗമനം.
എന്തായാലും എക്സൈസ് കുപ്പിയും പിടിച്ചു, കേസും ആയി. റഫീഖ് നിരപരാധിയാണെങ്കിൽ അയാളെ ജയിലിൽ അടയ്ക്കുന്നതിന് മുൻപ് യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന മഹത്തായ വാക്കുകൾ ഓർമിപ്പിച്ചു കൊണ്ടാണ് ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത്. വ്യക്തമായ അന്വേഷണം നടത്തി യഥാർത്ഥ പ്രതിയെ കണ്ടെത്തി ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് ഉത്തമം, അത് റഫീഖ് ആയാലും ആരായാലും…