കഠിനംകുളം : കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മരിയനാട് മത്സ്യത്തൊഴിലാളിയുടെ വീട്ടിൽ മോഷണം നടന്നു. പതിനെട്ട് പവനും, രണ്ടു ലക്ഷം രൂപയും, മൊബൈൽ ഫോണും നഷ്ടമായതായി വിവരം. മരിയനാട് പെട്രോൾപമ്പിന് സമീപം അപ്സര ഹൗസിൽ സേവിയറി(62)ന്റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ സമയം വീട്ടിൽ ആളില്ലായിരുന്നു. ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം അറിയുന്നത്.
ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സേവിയറും ഭാര്യയും വീടും പൂട്ടി ഇറങ്ങി. സേവിയർ മത്സ്യബന്ധനത്തിന് പോകുന്നതിനാൽ ഭാര്യയ്ക്ക് വീട്ടിൽ ഒറ്റയ്ക്കിരിക്കാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് മരിയനാട് ജംഗ്ഷനിലെ ഇളയമകന്റെ വീട്ടിലേക്ക് പോയി. തുടർന്നു ഇരുവരും ഇന്ന് രാവിലെ രണ്ടാളും കൂടി വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ മുൻവാതിൽ തുറന്നു കിടക്കുന്നു. തുടർന്നു നടത്തിയ പരിശോധനയിൽ 18 പവൻ സ്വർണവും 2 ലക്ഷം രൂപയും മൊബൈൽ ഫോണും നഷ്ടമായതായി കണ്ടെത്തി. പണവും ആഭരണവും സേവിയറിന്റെ മരുമകളുടെ ആണെന്ന് പറയുന്നു. തുടർന്നു അവർ കഠിനംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു.