തനിമ കലാ സാഹിത്യ വേദി കണിയാപുരം ചാപ്റ്ററിൻ്റെ നേതൃത്വത്തിലാണ് പുളിമരത്തണലിലൊരു സർഗസായാഹ്ന മൊരുക്കിയത്. കഥയും കവിതയും പിന്നെ കട്ടനും എന്ന ബാനറിൽ കണിയാപുരം ‘തണലി’ന് മുന്നിലുള്ള പുളിമരച്ചോട്ടിലാണ് സർഗവസന്തം വിരിയിച്ച ഒത്തുകൂടൽ അരങ്ങേറിയത്.കഥയും കവിതയും നാടൻപാട്ടിൻ്റെ ശീലുകളും പെയ്തിറങ്ങിയ സായാഹ്നത്തിന് ഏലക്കായും തുളസിയും നറുമണം പരത്തിയ ചൂടു കട്ടനും നിറം ചാർത്താനുണ്ടായിരുന്നു.
കണിയാപുരത്തിൻ്റെ കലാ-സാഹിത്യ ഭൂമികയിൽ പുതുമയും തനിമയുമുള്ള ഒരു അധ്യായം കോറിയിടുകയായിരുന്നു പുളിമരച്ചോട്ടിൽ ഒത്തുകൂടിയ കലാ സ്നേഹികൾ.സൗഹൃദവും സ്നേഹവും പ്രണയവും രാഷ്ട്രീയവും പരിസ്ഥിതിയും ദേശവും ഒക്കെ വാക്കുകളുടെ വസന്തമായി പെയ്തിറങ്ങിയ സർഗ സായാഹ്നം യുവകവിയും കഥാകൃത്തും തനിമ ജില്ലാ സെക്രട്ടറിയുമായ മെഹബൂബ് ഖാൻ(മെഹ്ഫിൽ) ഉദ്ഘാടനം ചെയ്തു. കണിയാപുരത്തിൻ്റെ സാഹിത്യകാരണവർ കണിയാപുരം സൈനുദ്ദീൻ അധ്യക്ഷത വഹിച്ച ഒത്തുകൂടലിൽ അമീർകണ്ടൽ ,റജി ചന്ദ്രശേഖർ ,സിദ്ധീഖ് സുബൈർ ,തോന്നയ്ക്കൽ ഷംസുദീൻ ,ചാന്നാങ്കര ജയപ്രകാശ് ,പൂനവം ഷംസുദീൻ ,കണിയാപുരം നാസറുദീൻ ,സീന മേലഴികം ,പുനവം നസീർ, മീരാ സാഹിബ്,നദിൻഷ, അൻസർ പാച്ചിറ ,നാദിർഷകരിച്ചാറ ,സിയാദ്, ഹസീന, ലിസ ,അദിൻഫിദ, ശിവൻ തുടങ്ങിയവർ പങ്കുചേർന്നു. .