കാട്ടാക്കട: മൊബൈല്‍ ബാങ്കിംഗിനെക്കുറിച്ച് അധികം അറിവില്ലാത്ത സാധാരണക്കാരുമായി സൗഹൃദം സ്ഥാപിച്ച് അക്കൗണ്ട് നമ്പര്‍ മനസിലാക്കി പണംതട്ടിയ ആള്‍ പിടിയില്‍. മലപ്പുറം പൊന്നാനി നരിപ്പറമ്ബ് ഈശ്വരമംഗലം ചുള്ളിക്കല്‍ ഹൗസില്‍ ഷമീര്‍ അലി (32)ആണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്. കാട്ടാക്കട പൊലീസ്‌സ്റ്റേഷന്‍ പരിധിയിലെ നിരവധി ലോട്ടറി കച്ചവടക്കാര്‍ക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്ന വ്യാജേന ഇയാള്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തിരുന്നു. തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ധാരാളം ലോട്ടറിയെടുക്കുന്ന പ്രതി ലോട്ടറി വില്പനക്കാരുമായി എളുപ്പത്തില്‍ സൗഹൃദം സ്ഥാപിച്ച് അവരെ തട്ടിപ്പിനിരയാക്കുകയാണ് പതിവ്. വീരണകാവ് സ്വദേശിയായ സുരേഷില്‍ നിന്ന് 50,000രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ പിടിയിലായത്.