തിരുവനന്തപുരം സിറ്റിയുടെ വിവിധ സ്ഥലങ്ങളിൽ പിടിച്ചുപറിയും ബൈക്ക് മോഷണവും നടത്തിയ ആളെ സിറ്റി ഷാഡോ പോലീസ് പിടികൂടി. നെടുമങ്ങാട് പനവൂർ കുന്നിൽ ആയിരവില്ലി ക്ഷേത്രത്തിനു സമീപം അഞ്ജന ഭവനിൽ അനൂപ് മോഹൻ(21) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റിയിൽ അടുത്തകാലത്തായി ഈഞ്ചക്കൽ ശ്രീവരാഹം മ്യൂസിയം തമ്പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ഫോൺ പിടിച്ചുപറിയും ബൈക്ക് മോഷണവും പതിവായി തുടർന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. തിരുമല മങ്ങാട്ട് കടവ് വീട്ടിൽ ശ്രീനാഥന്റെ വക പൾസർ മോട്ടോർസൈക്കിൾ, തമിഴ്നാട് സ്വദേശിയുടെ ആക്ടീവ സ്കൂട്ടർ, വഴുതക്കാട് വെച്ച് സന്ധ്യാസമയത്ത് ഒരു സ്ത്രീയുടെ മൊബൈൽഫോൺ, ട്രിവാൻഡ്രം ക്ലബ്ബിന് മുൻവശം വെച്ച് കാട്ടാക്കട സ്വദേശിയുടെ മൊബൈൽഫോൺ എന്നിവ പിടിച്ചുപറിച്ച കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതലായി അന്വേഷണം നടത്തുന്നതായി പോലീസ് അറിയിച്ചു.
