മംഗലപുരം : മംഗലപുരത്ത് രണ്ട് വീടുകളിൽ മോഷണം നടന്നു. ടീവിയും സ്വർണവും പണവും ഉൾപ്പടെ വൻ കവർച്ചയാണ് നടന്നത്. ആളില്ലാത്ത സമയം നോക്കിയാണ് രണ്ടു വീടുകളുടെ മുൻ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം.
കുടവൂർ അസംബ്ലി മുക്ക് സോപാനത്തിൽ ശ്രീറാമിന്റെ വീട്ടിലും മങ്കാട്ടുമല അനന്തരത്തിൽ പ്രസീദയുടെ വീട്ടിലുമാണ് മോഷണം നടന്നത്. വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തെത്തി മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാക്കൾ വീടു മുഴുവൻ വാരി വലിച്ചിട്ടു.
ശ്രീറാം കുടുംബസമേതം മൂന്നാറിൽ ടൂറിനു പോയിരിക്കുകയായിരുന്നു. ഇവിടെ നിന്നും 20 ഓളം പവൻ വരുന്ന സ്വർണ്ണവും വിദേശ കറൻസികളടക്കം 70,000 രൂപയും ഒരു ലാപ് ടോപ്പും രണ്ടു മൊബൈൽ ഫോണുകളും കവർന്നിട്ടുണ്ട്.
പ്രസീദ കുടുംബ സമേതം വിദേശത്താണ്. ഇവരുടെ പുതിയ വീട്ടിൽ നിന്നും വലിയ ടി.വിയും എമർജൻസി ലൈറ്റും ടോർച്ചുമാണ് നഷ്ടപ്പെട്ടത്.
മംഗലപുരം പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രസീദയുടെ വീടിന്റെ എതിർ വശത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി. സി. ടി. വി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.