കണിയാപുരം : കണിയാപുരം സിംഗപൂരുമുക്കിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 32 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബാരിസ്റ്റർ ജി.പി.പിള്ള സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം എം.പി അടൂർ പ്രകാശ് നിർവ്വഹിച്ചു. സ്വതന്ത്ര സമര സേനാനിയും തിരുവിതാംകൂറിലെ ആദ്യകാല നായകനും ബാരിസ്റ്റർ പരീക്ഷ പാസായ ആദ്യമലയാളിയും പത്രാധിപരുമായിരുന്നു ജി.പി.പിള്ള. 1894 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെക്രട്ടറിയും മഹാത്മാഗാന്ധി തന്റെ ആത്മകഥയിൽ സ്നേഹാദരപൂർവ്വം രേഖപ്പെടുത്തിയിട്ടുള്ള വ്യക്തിയുമായിരുന്നു അദ്ദേഹമെന്ന് അടൂർ പ്രകാശ് പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിബാ ബീഗം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ്, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ നസീമ ബീവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുന്നുംപുറം വാഹിദ്, സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത, ജി.പി. പിള്ള സ്മാരക സമിതി ചെയർമാൻ ബി.മുരളീധരൻ നായർ എന്നിവർ സംസാരിച്ചു.