പുല്ലമ്പാറ : വാമനപുരം നിയോജകമണ്ഡലത്തിലെ പുല്ലമ്പാറ പഞ്ചായത്തിൽ തേമ്പാമൂട് – മൂന്നാനക്കുഴി റോഡിലെ മീൻമൂട് പാലം പുനർനിർമ്മിക്കുന്നതിന് 5 കോടി 80 ലക്ഷം രൂപ അനുവദിച്ച് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകിയതായി വാമനപുരം എംഎൽഎ അഡ്വ ഡികെ മുരളി അറിയിച്ചു. തേമ്പാമൂട്, മൂന്നാനക്കുഴി, പനവൂർ, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. നിലവിൽ വൺവേ യാത്ര മാത്രം അനുവദിക്കുന്ന ഇവിടെ പാലം പുനർ നിർമ്മിക്കുന്നതോടെ ടു വേ യാത്ര സാധ്യമാകും. ഏറ്റവുമധികം തിരക്കുപിടിച്ച പ്രദേശത്താണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ പാലം പുനർ നിർമ്മിക്കുന്നത് തിരക്ക് ഒഴിവാക്കാൻ കാരണമാകുമെന്നാണ് എംഎൽഎ പറയുന്നത്.
ഏഴ് പതിറ്റാണ്ടായി സ്ഥിതിചെയ്യുന്ന മീൻമൂട് പാലം പുനർ നിർമ്മിക്കുക എന്നത് വർഷങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യമാണ്. കെഎസ്ആർടിസി ബസ്സും, ലോറിയും ഉൾപ്പടെ ഇതുവഴി കടന്നു പോകാത്ത വാഹനങ്ങളില്ല. അതുകൊണ്ടുതന്നെ ഇരു ദിശകളിലേക്കും യാത്ര ചെയ്യാൻ പാലം പുനർനിർമ്മിക്കുന്നതോടെ യാത്ര സൗകര്യം കൂടുതൽ എളുപ്പമാകും എന്നാണ് എംഎൽഎ പറയുന്നത്. നിലവിൽ 4 മീറ്റർ വീതിയുള്ള പാലം 11 മീറ്റർ വീതിയിലാകും പുനർനിർമ്മിക്കുക.
ടെണ്ടർ നടപടികളിലേക്ക് ഉടൻ കടക്കുമെന്നും എംഎൽഎ ഡികെ മുരളി അറിയിച്ചു.