കല്ലമ്പലത്ത് വീട്ടിൽ പാകം ചെയ്ത അരിയും വെള്ളവും പ്ലാസ്റ്റിക് പോലെ ഉരുകുന്നു,മാവേലി സ്റ്റോറിൽ നിന്ന് കിട്ടിയ സബ്‌സിഡി അരിയാണ് വീട്ടുകാരെ ആശങ്കയിലാക്കുന്നതെന്ന് പറയുന്നു. കല്ലമ്പലം മുള്ളറംകോട് ചീറ്റ ഹൗസിൽ ആദിഷ് ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു പറയുന്നത്.
ജനങ്ങൾക്ക് നല്ല ഭക്ഷണം വിലക്കുറവിൽ ലഭ്യമാക്കുന്ന മാവേലി സ്റ്റോറിൽ നിന്ന് വാങ്ങിയ സബ്‌സിഡി ഉൾപ്പടെയുള്ള അരി പാകം ചെയ്ത ശേഷം കഞ്ഞിവെള്ളം കുറച്ചു നേരം ഇരുന്നപ്പോൾ പ്ലാസ്റ്റിക് കവർ പോലെയായെന്നും പ്ലാസ്റ്റിക് അലുവ രൂപത്തിൽ കട്ടിയാവുകയും ചെയ്‌തെന്ന് വീട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഈ മാസം 5ആം തീയതിയിലാണ് 10 കിലോ അരി വാങ്ങിയത്. അതിൽ 5 കിലോ സബ്സിഡിയായി ലഭിച്ചതാണ്. അരി നൽകിയവർ ബില്ല് നൽകി റേഷൻ കാർഡിൽ പതിക്കുകയും ചെയ്തു. ജയ അരി എന്നാണ് അവർ പറഞ്ഞതെന്നും വീട്ടുകാർ ഓർക്കുന്നു.
https://www.facebook.com/attingalvartha/videos/1776989635777977/
2 ദിവസമായി ഇവർ ഈ അരിയാണ് ചോറാക്കി കഴിക്കുന്നത്.എന്നാൽ കഴിഞ്ഞ ദിവസം ആദിഷിൻറെ അച്ഛന് ചില അസ്വസ്ഥകൾ വന്നത് കാരണം ചോറിന്റെ വെള്ളം മാറ്റി വെക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ആദിഷിൻറെ അമ്മ വെള്ളം മാറ്റി വെച്ചു. ഉച്ചയ്ക്ക് എല്ലാവരും ഒരുമിച്ച് ഇരുന്ന് ചോറും കഴിച്ചു. വൈകുന്നേരം അച്ഛന് കൊടുക്കാൻ കഞ്ഞിവെള്ളം എടുക്കാൻ നോക്കുമ്പോഴാണ് പ്ലാസ്റ്റിക് പോലത്തെ പാടയും അലുവയും കാണുന്നത്. ഇതോടെ വീട്ടുകാർ ആകെ ആശങ്കയിലായി. കുറച്ചു കാലം മുൻപ് പത്രങ്ങളിൽ വന്ന പോലെ പ്ലാസ്റ്റിക് ചോറാണോ തങ്ങൾ കഴിച്ചതെന്ന സംശയമായി അവർക്ക്. കഞ്ഞിവെള്ളത്തിന്റെ മുകളിൽ കെട്ടിയ പ്ലാസ്റ്റിക് പാട കത്തിച്ചു നോക്കിയപ്പോൾ അത് കത്തുന്നു. ബാക്കി അരി വീട്ടിൽ തന്നെയുണ്ട്, എന്ത് ചെയ്യുമെന്ന് അറിയാതെ ഇരിക്കുകയാണ് വീട്ടുകാർ. കഞ്ഞിവെള്ളം വൈകുന്നേരത്തേക്ക് വെച്ചത് കൊണ്ട് മാത്രമാണ് ഈ ഒരു സത്യം മനസ്സിലായത്. ഒരുപക്ഷെ കഞ്ഞിവെള്ളം കുടിക്കാൻ മാറ്റി വെക്കാതെ എടുത്ത് കളഞ്ഞിരുന്നെങ്കിൽ എന്നും ആ ചോറ് തന്നെ കഴിച്ചു കൊണ്ടിരുന്നേനെ എന്നാണ് അവർ പറയുന്നത്…
അച്ഛനും അമ്മയും അനിയനും അടങ്ങുന്ന ഒരു സാധാരണ കുടുംബാണ് ആദിഷിന്റേത്. വർക്ഷോപ് ജീവനക്കാരാണ് ആദിഷും അച്ഛനും. അനിയൻ 10ആം ക്ലാസ് വിദ്യാർത്ഥിയും.