അഴൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ മാടൻവിള തിട്ടയിൽ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു.ഗ്രാമപഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയുടെ കാലത്ത് സ്ഥലം ഏറ്റെടുത്ത നടപ്പാക്കിയ ഈ റോഡിൽ അറ്റകുറ്റപണി നടത്താതു കാരണം സമീപത്തെ സ്കൂൾ കുട്ടിക്കളും, നൂറ് കണക്കിന് കുടുംബങ്ങൾക്കും ഇപ്പോൾ കാൽ നട പോലും ദുസ്സഹമായിരിക്കുകയാണ്.
തോളായിരം മീറ്ററുള്ള ഈ റോഡിന്റെ പകുതി ഭാഗം ടാർ ചെയ്യാനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും അതിനായി ഫണ്ട് വകയിരുത്തിയതുമാണ്. കോൺട്രാക്റ്റ് എടുത്ത കരാറുകാരൻ റോഡ് ആരംഭിക്കുന്ന ഭാഗത്ത് നവീകരണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങളെന്നും നടക്കുന്നില്ല. റോഡ് നവീകരിക്കാനായി ഇറക്കിയ പാറപ്പൊടിയും മെറ്റലും റോഡിന്റെ ഒരു ഭാഗത്ത് ഇട്ടതോടെ ഇരുചക്രവാഹനങ്ങൾ അപകടത്തിലകപ്പെടുന്നതും പതിവായിരിക്കുകയാണ്.
അതേസമയം റോഡിന്റെ ബാക്കി പകുതി ഭാഗത്ത് ചേളികെട്ടി നിൽക്കുകയും അതുവഴിയുള്ള കാൽനടപ്പോലും അസാധ്യമായൊരു അവസ്ഥയിലുമാണ് .എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.