പള്ളിക്കൽ: വേറിട്ട രീതിയിൽ കൂൺ കൃഷി ചെയ്ത് നൂറുമേനി വിളവെടുത്ത് വീട്ടമ്മ മാതൃകയാകുന്നു. പള്ളിക്കൽ ഷീജാ മൻസിലിൽ പ്രവാസിയായ യഹിയയുടെ ഭാര്യ ഷീജ വീടിനോട് ചേർന്ന കളീലും വീടിന്റെ ടെറസിലുമാണ് കൂൺ കൃഷി ചെയ്യുന്നത്. റബറിന്റെ അറക്കപ്പൊടിയിലാണ് കൂൺ കൃഷി പരീക്ഷിച്ചത്. പരമ്പരാഗതമായി വയ്ക്കോലിൽ കൃഷി ചെയ്തിരുന്ന സ്‌ഥാനത്ത് കൂടുതൽ ലാഭകരമായി ചെയ്യാൻ കഴിയുന്നത് അറക്കപ്പൊടിയാണെന്ന് ഷീജ പറയുന്നു. അൽപം ശ്രദ്ധയും പരിശ്രമവുമുണ്ടെങ്കിൽ ആർക്കും നല്ലൊരു വരുമാനമാർഗവും കുടുംബത്തിന് നല്ലൊരു സമീകൃതാഹാരവുമാണ് ഈ കൃഷിയിലൂടെ ലഭിക്കുകയെന്ന് ഷീജ പറയുന്നു. വൃത്തിയും ഈർപ്പവുമുള്ള സാഹചര്യമാണ് ഇതിന് പ്രധാനം. കഴിഞ്ഞ 10 വർഷത്തിലധികമായി കൂൺ കൃഷി ചെയ്യുന്ന ഷീജ പരിശീലനവും നൽകുന്നുണ്ട്. കൊല്ലത്തു നിന്നാണ് ഇതിനുള്ള അറക്കപ്പൊടി കൊണ്ടുവരുന്നത്. വിത്തും സ്വന്തമായി ത്തന്നെ ഉത്പാദിപ്പിക്കുന്നു. അറക്കപ്പൊടി അരിച്ചെടുത്ത് പുഴുങ്ങി പോളീത്തീൻ കവറിൽ നിറച്ച് വിത്തുപാകിയെടുക്കുമ്പോൾ ബഡ് ഒന്നിന് 50 രൂപ ചെലവാകും. മൂന്ന് കിലോ കൂൺ എങ്കിലും ഒരു ബഡിൽ നിന്ന് ലഭിക്കും. ഒരു കിലോ കൂണിന് 350 മുതൽ 400 രൂപ വരെ മാർക്കറ്റിൽ ലഭിക്കും. 120 സ്‌ക്വയർ ഫീറ്റ് തറയോ ഷെഡോ ഉണ്ടെങ്കിൽ 100 ബഡ് സ്‌ഥാപിക്കാം. നന്നായി പരിചരിച്ചാൽ ഒരു ബഡിൽ നിന്ന് 1100 രൂപ ലാഭം കിട്ടും. കൂൺ കൃഷിക്ക് പുറമേ ഹൈടെക് കോഴി വ്യവസായവും ഷീജാ ചെയ്യുന്നുണ്ട്. ഗ്ലോബൽ മെഗാ ഫാമിലി സൊല്യൂഷൻ എന്ന പേരിൽ മുട്ടക്കോഴി വിപണനവും കേരളത്തിനകത്തും പുറത്തും നടത്തുന്നുണ്ട്. ഷീജയുടെ കൂൺ കൃഷി നേരിട്ട് കാണാനും മനസിലാക്കാനും നിരവധിപേരാണ് ഇവിടെയെത്തുന്നത്.