അഴൂർ : അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി, നാലുമുക്ക് ജംഗ്‌ഷനുകളിലെ ഹോട്ടലുകളിൽ അഞ്ചുതെങ്ങ് സി.എച്ച്.സി യിലെ ഹെൽത്ത് സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതിനും ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായി സൂക്ഷിച്ചതിനും മാലിന്യവും മലിനജലവും സംസ്കരിക്കാതിരിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. മോശം ഭക്ഷണ സാധനങ്ങളും പാലുത്പന്നങ്ങളും നശിപ്പിച്ചു. ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രഞ്ജിത്ത്, ബീജാറാണി, ജൂനിയർ പി.എച്ച്.എൻ കമീലാ വർഗീസ് തുടങ്ങിയവർ പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
