മടവൂർ: റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ എല്ലാ പ്രതികള്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
പോലീസ് കുറ്റപത്രവും കേസ് രേഖകളും പരിശോധിച്ച് കോടതി നേരിട്ട് തയാറാക്കിയ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ച് കുറ്റം ചുമത്താന്‍ എല്ലാ പ്രതികളും ഒക്ടോബര്‍ 21 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.
വിചാരണ തടവുകാരായി റിമാന്റില്‍ കഴിയുന്ന മൂന്നു പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയയ്ക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. ബാബു ജില്ലാ കോടതി ശിരസ്തദാര്‍ക്ക് നിര്‍ദേശം നല്കി.
പ്രതികള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി അനുമാനിക്കാവുന്ന തെളിവുകള്‍ ഉള്ളതായി കേസ് റെക്കോഡുകള്‍ പരിശോധിച്ചതില്‍ വ്യക്തമാകുന്നതായി കുറ്റം ചുമത്തല്‍ ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.
സെഷന്‍സ് വിചാരണ കേസായതിനാല്‍ ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 228 പ്രകാരമാണ് പ്രതികള്ക്കഒമേല് കോടതി കുറ്റം ചുമത്തുന്നത്. തങ്ങള്‍ക്കെതിരെ കുറ്റം ചുമത്താന്‍ തെളിവുകള്‍ ഇല്ലാത്തതിനാലും തങ്ങള്‍ക്കെതിരായ കേസ് അടിസ്ഥാന രഹിതമായതിനാലും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നുള്ള പ്രതികളുടെ വാദം തള്ളിക്കൊണ്ടാണ് കുറ്റം ചുമത്താന്‍ കോടതി ഉത്തരവായത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 227 പ്രകാരമാണ് പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.
2018 മാര്‍ച്ച് 27 ന് വെളുപ്പിന് 1.40 മണിക്കാണ് മടവൂര്‍ മെട്രാസ് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ അതിക്രമിച്ച് കയറി രജേഷിനെ മാരകായുധങ്ങള്‍ കൊണ്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
വിദേശത്ത് ജിംനേഷ്യവും ബിസിനസ് ബന്ധങ്ങളുമുള്ള സത്താര്‍ എന്നയാളിന്റെ ഭാര്യയും നര്‍ത്തകിയുമായ മെറ്റില്‍ഡാ സോളമനും ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി നോക്കി വന്ന രാജേഷും തമ്മില്‍ പ്രണയത്തിലാവുകയും സത്താറിന്റെ എതിര്‍പ്പുകളെയും താക്കീതുകളെയും അവഗണിച്ച് ബന്ധം തുടര്‍ന്നതാണ് ക്വട്ടേഷന്‍ കൊലയ്ക്കു കാരണമെന്നാണ് പോലീസ് കേസ്.
അബ്ദുള്‍ സത്താര്‍, അലിഭായി എന്ന ഓച്ചിറ മുഹമ്മദ് സാലിഹ്, കായംകുളം അപ്പുണ്ണി, കരുനാഗപ്പള്ളി തന്‍സീര്‍, സ്ഫടികം എന്ന കുണ്ടറ സ്വാതി സന്തോഷ്, വള്ളിക്കീഴ് സാനു എന്ന സുബാഷ്, ഓച്ചിറ യാസിന്, മുളവന എബി ജോണ്‍, ചെന്നിത്തല സുമിത്, വെണ്ണല സെബല്ലാമണി, കായംകുളം ഭാഗ്യശ്രീ, വര്‍ക്കല ഷിജിന ഷിഹാബ് എന്നിവരാണ് കേസിലെ 12 പ്രതികള്‍. ഇതില്‍ രണ്ടു മുതല്‍ ആറു വരെയുള്ള പ്രതികള്‍ ജാമ്യം ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജില്ലാ ജയിലില്‍ കഴിയുകയാണ്.
പ്രതികള്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തി ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു.