നാവായിക്കുളം :നാവായിക്കുളത്തെ വൈരമല – തെങ്ങുവിളാകം പാലം അപകടാവസ്ഥയിലായിട്ട് നാളുകൾ ഒരുപാടായി. പാലം ദ്രവിച്ച് കമ്പികൾ ഇളകി വീണുകൊണ്ടിരിക്കുന്നു. ഇരു ചക്ര വാഹനങ്ങളും മറ്റും കടന്നുപോകുമ്പോൾ ആടുന്ന പാലം ഏതു നിമിഷവും തകർന്നു വീഴാം. കാലവർഷമായാൽ വെള്ളത്തിന്റെ കുത്തൊഴുക്കാണ്. ഭരണിക്കാവ് – തട്ടുപാലം തോടുമായി ചേർന്ന് അയിരൂർ പുഴയിൽ പതിക്കുന്ന തോടാണിത്. തുലാവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് പാലം പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് നിരവധി തവണ പ്രദേശവാസികൾ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
