പള്ളിക്കൽ : സ്റ്റേഷനറി കടയിൽ നിന്നും 35,000 രൂപ അപഹരിച്ച കേസിൽ ഇറാൻ സ്വദേശികളായ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറാനി സ്വദേശികളായ അമീർ കാമി യാസി(26), ഭാര്യ നസ്റിൻ കമ്മിയാർ (20) എന്നിവരെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ കേസിൽ കൊല്ലത്ത് അറസ്റ്റിലായ പ്രതികളെ അവിടെ നിന്നും കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കഴിഞ്ഞ മാസം ഒന്നിന് മടവൂർ മാവിൻമൂടുള്ള സ്റ്റേഷനറി കടയിൽ എത്തിയ ദമ്പതികൾ പുതിയ ഇന്ത്യൻ നോട്ടുകൾ കാണാനെന്ന വ്യാജേന വാങ്ങി മുങ്ങുകയായിരുന്നു. മടവൂർ മാവിൻ മൂട് എഫ്എം മൻസിലിൽ ഫസിലുദീന്റെ (58) പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികെയാണ് സമാനമായ കുറ്റത്തിന് പ്രതികൾ കൊല്ലത്ത് അറസ്റ്റിലായത്.
പള്ളിക്കൽ സിഐ അജി ജി നാഥ്, എസ്ഐ പി അനിൽകുമാർ, എഎസ്ഐ ഉദയകുമാർ, സിപിഒമരായ ബിജുമോൻ, സിന്ധു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.