മലയിൻകീഴ് : മിലിറ്ററി എൻജിനീയറിങ് സർവീസിൽ (എംഇഎസ്) ജോലി വാഗ്ദാനം ചെയ്തു 19 പേരിൽ നിന്നു ഇരുപതു ലക്ഷത്തോളം രൂപ തട്ടിയെന്ന പരാതിയിൽ പത്തനംതിട്ട സ്വദേശിയായ അരുണിനെതിരെ മലയിൻകീഴ് പൊലീസ് കേസ് എടുത്തു. എട്ട് സ്ത്രീകളും 11 പുരുഷന്മാരും ആണ് തട്ടിപ്പിന് ഇരയായത്. ഇതിൽ രണ്ട് വിമുക്ത ഭടൻമാരും ഉൾപ്പെടും. ആർമിയിൽ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയാണു പ്രതി പലരെയും സമീപിച്ചത്.
ഇതു സംബന്ധിച്ച തിരിച്ചറിയൽ കാർഡ് കാണിച്ചും വിശ്വസിപ്പിച്ചു. എംഇഎസിൽ ഒഴിവ് ഉണ്ടെന്ന ഓൺലൈൻ പരസ്യം ശ്രദ്ധയിൽപെടുത്തിയാണ് 5000 മുതൽ രണ്ട് ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നായി വാങ്ങിയത്. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച നിയമന ഉത്തരവ് നൽകാമെന്നു അറിയിച്ചു. എന്നാൽ പണം നൽകിയ എല്ലാവരും അരുണിനെ ഫോണിൽ ഇന്നലെ രാത്രി വരെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല.
ഇയാൾ വാടകയ്ക്കു താമസിച്ചിരുന്ന വിളവൂർക്കൽ പെരുകാവിലെ വീട്ടിൽ അന്വേഷിച്ച് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിൽ ആയിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പ്രതി ഇതര സംസ്ഥാനത്തേക്കു കടന്നതായി സൂചന ലഭിച്ചെന്നും ഉടൻ പിടികൂടുമെന്നും എസ്ഐ സൈജു പറഞ്ഞു.