കിളിമാനൂർ : വീടുകയറി വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ബന്ധുവും അയൽവാസിയുമായ യുവാവിനെ കിളിമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുൺ നിവാസിൽ ഉണ്ണിക്കൃഷ്ണനെയാണ് (21) പൊലീസ് കസ്റ്റഡിയിലെടുത്തത്. കിളിമാനൂർ പോങ്ങനാട് കീഴ്പേരൂർ മണ്ഡപംകുന്ന് അരുൺ നിവാസിൽ ഉഷാകുമാരിയെയാണ് (52) കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തികൊണ്ട് മുറിക്കുകയായിരുന്നു. വീട്ടമ്മയുടെ നിലവിളികേട്ടെത്തിയ പരിസരവാസികളും ബന്ധുക്കളും ചേർന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഉഷാകുമാരിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
