ചുള്ളിമാനൂർ : ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിർദ്ധന കുടുംബത്തിന്റെ വീട് കത്തിനശിച്ചു. ചുള്ളിമാനൂർ കുഴിവിള തെറ്റിമൂട്ടിൽ തുളസീധരനും രോഗിയായ ഭാര്യ അംബികയും മകൻ അനീഷുമാണ് ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രി 8.30ഓടെയാണ് സംഭവം. വൈദ്യുതീകരിക്കാത്ത വീട് അടച്ചിട്ട് കുടുംബാംഗങ്ങൾ സമീപത്തെ വീട്ടിൽ ടി.വി കാണാൻ പോയപ്പോഴാണ് അപകടം. ലൈഫ് ഭവനപദ്ധതി പ്രകാരം ഇവർക്ക് ലഭിച്ച വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ താത്‌കാലികമായി താമസിച്ച തകരഷീറ്റ് മേഞ്ഞ വീടാണ് നശിച്ചത്. സർക്കാരിൽ നിന്ന് ലഭിച്ച ഒരു ലക്ഷം രൂപയും വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും ഗൃഹോപകരണങ്ങളും അഗ്നിക്കിരയായി. നെടുമങ്ങാട് ഫയർഫോഴ്‌സ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്ന് റവന്യൂ ഉദ്യോഗസ്ഥർ അറിയിച്ചു. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന അംബികയുടെ ചികിത്സാ രേഖകളും വസ്‌തുവിന്റെ പ്രമാണം, മകന്റെ പാസ്‌പോർട്ട്, ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയും നശിച്ചു. വീടിനു മുന്നിലെ കമുകിനും തീപിടിച്ചു.
