ചിറയിൻകീഴ് : ചിറയിൻകീഴ് ബി.എഫ്.സി സംഘടിപ്പിച്ച ഒന്നാമത് അനു ആൻഡ് മണിച്ചൻ മെമ്മോറിയൽ സെവൻസ് ഫുട് ബാൾ ടൂർണമെന്റ് ഫൈനലിൽ എലിഗാ എസ്. കാപ്പിൽ വിജയികളായി. ശാർക്കര മൈതാനത്ത് നടന്ന ടൂർണമെന്റിൽ വൈ.എഫ്.സി ചില്ലയ്ക്കലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് എലിഗാ എസ് കാപ്പിൽ വിജയിച്ചത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സി.ഐ ജി.ബി. മുകേഷ് സമ്മാനദാനം നിർവഹിച്ചു. വിജയിച്ച ടീമിന് അനു ആൻഡ് മണിച്ചൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 5001 രൂപ കാഷ് പ്രൈസും, റണേഴ്സപ്പിന് അനു ആൻഡ് മണിച്ചൻ മെമ്മോറിയൽ ട്രോഫിയും 3001 രൂപയും നൽകി. പഞ്ചായത്തംഗം മോനി ശാർക്കര അദ്ധ്യക്ഷത വഹിച്ചു. എസ്. അജയകുമാർ, ബി.എഫ്.സി പ്രസിഡന്റ് പി. മിധുൻ, സെക്രട്ടറി ആർ. മനു, വി. വിമൽ, വി. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ടൂർണമെന്റിൽ 20 ഓളം ടീമുകൾ പങ്കെടുത്തു.
