കിളിമാനൂർ : കാനാറ റോഡിൽ 110 കെ.വി സബ്സ്റ്റേഷന് സമീപം നിർദ്ധനയായ വൃദ്ധയെ ആക്രമിച്ച് പണവും രേഖകളും കവർന്നു. പുല്ലരിഞ്ഞ് വിറ്റ് ജീവിക്കുന്ന കാനാറ കൈതകെട്ടിൽ വീട്ടിൽ കമലമ്മ (65) യുടെ പണവും രേഖകളും അടങ്ങിയ കവറാണ് തിങ്കളാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവേ രണ്ടംഗ സംഘം പിടിച്ചു പറിച്ചത്. പിന്നാലെ എത്തിയ രണ്ടുപേരിൽ ഒരാൾ കമലമ്മയെ പിടിച്ചു തള്ളിയശേഷം കൈയിലുണ്ടായിരുന്ന കവർ തട്ടിയെടുക്കുകയായിരുന്നു. കമലമ്മയുടെ കൈയ്ക്കും കഴുത്തിനും നിസാര പരിക്കേറ്റു. കവറിൽ 8000 ത്തോളം രൂപ, ആധാർ, ബാങ്ക് പാസ്ബുക്ക്, തിരിച്ചറിയൽ കാർഡ്, രാത്രിയിലേക്കുള്ള ഭക്ഷണം എന്നിവ ഉണ്ടായിരുന്നു. പഞ്ചായത്തിൽ നിന്നും ധനസഹായം ലഭിച്ചതിനെ തുടർന്ന് ഇവരുടെ വീടിന്റെ പണി നടന്നു വരികയാണ്. വീടിന് സുരക്ഷയില്ലാത്തതിനാൽ പണവും രേഖകളും കൊണ്ടു നടക്കുകയായിരുന്നു. സംശയമുള്ള രണ്ടുപേർക്കെതിരെ കിളിമാനൂർ പൊലീസിൽ പരാതി നൽകി.
