നാവായിക്കുളം : കിളിമാനൂർ ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ നാവായിക്കുളത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ജീവിത ശൈലീ രോഗങ്ങൾക്കുള്ള ഇൻസുലിൻ തുടങ്ങി അത്യാവശ്യ മരുന്നുകൾ കിട്ടാതെ നിർദ്ധന രോഗികൾ വലയുന്നതായി പരാതി. പഞ്ചായത്ത് ഭരണ സമിതി മരുന്നുകൾ വാങ്ങി നൽകുന്നതിലും, ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും കാല താമസം വരുത്തുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പി.എച്ച്.സി അധികൃതർ പറയുന്നത്. ദിവസവും ഇവിടെ ശരാശരി മുന്നൂറോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്. ദരിദ്രരും, ഇടത്തരക്കാരുമായ രോഗികൾ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ജീവൻ രക്ഷാ മരുന്നുകൾ ഇല്ലാത്തത് വലിയ പരാതികൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. നാവായിക്കുളം പഞ്ചായത്തിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇൻസുലിൻ തുടങ്ങിയ ജീവൻ രക്ഷാ മരുന്നുകളും, മറ്റ് മരുന്നുകളും അടിയന്തിരമായി ലഭ്യമാക്കുന്നതിന് നടപടികളെടുക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് എ. ഷാജഹാൻ ആവശ്യപ്പെട്ടു
