നെടുമങ്ങാട്: ഒറ്റയ്ക്ക് താമസിച്ചിരുന്ന മദ്ധ്യവയസ്‌കയെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പുതുക്കുളങ്ങര അഫ്സൽ മൻസിൽ വാണ്ടൈക്കോണത്തു താമസിക്കുന്ന നൗഷാദ് (42)ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം. വട്ടപ്പാറ വേങ്കോട് സ്വദേശിയായ മദ്ധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി ഇവരെ അക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാത്രികാല പട്രോളിംഗ് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹായത്താലാണ് ഇവരെ രക്ഷിക്കാനായത്. വട്ടപ്പാറ സിഐ സിജു. കെ.എൽ, എസ് ഐ അശ്വനി ജെ.എസ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
