മണനാക്ക് : വക്കം, കടയ്ക്കാവൂർ, മണമ്പൂർ എന്നീ മൂന്ന് ഗ്രാമപഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് മണനാക്ക്. ഒപ്പം അഞ്ച് റോഡുകളുടെ ഒത്ത് ചേരലും കൂടിയായതോടെ മണനാക്ക് ജംഗ്ഷൻ വീർപ്പ് മുട്ടുന്നു. ഇടുങ്ങിയ ഈ വഴിയിലൂടെ വാഹനങ്ങൾ ഒരുമിച്ച് വരുകയും പോവുകയും ചെയ്യുമ്പോൾ ഇവിടെ ഭയങ്കര ബ്ലോക്ക് ആണ്. ആ അവസ്ഥ മാറണമെന്നാണ് മണനാക്കുകാരുടെ ആവശ്യം. റോഡുകൾ വീതി കൂട്ടുന്നത് മുതൽ വാഹനങ്ങളുടെ ഗതി മാറ്റുന്നത് വരെ ഇവിടെ ചർച്ചയാണ്. ആറ്റിങ്ങൽ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കടയ്ക്കാവൂരിലേക്ക് പോകാൻ നിലവിലെ നില തുടരുകയും, കടയ്ക്കാവൂരിൽ നിന്ന് ആറ്റിങ്ങലിലേക്കുള്ള വാഹനങ്ങൾ ഇലക്ട്രിക് പോസ്റ്റ് കഴിഞ്ഞുള്ള ഭാഗത്ത് കൂടി തിരിഞ്ഞ് പോവുകയും ചെയ്താൽ ഗതാഗതക്കുരുക്കിന് കുറച്ച് ശമനം കിട്ടുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു. റോഡ് വീതി കൂട്ടുന്നത് സമീപ ഭാവിയിൽ ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ദേശീയപാതയിൽ ആറ്റിങ്ങൽ ഭാഗത്ത് എന്തെങ്കിലും വാഹനാപകടം ഉണ്ടായാൽ മറ്റ് വാഹനങ്ങൾ ഇതുവഴിയാണ് തിരിച്ചുവിടുന്നത്.അതുകൊണ്ട് കാലത്തിനും സാഹചര്യത്തിനും അനുയോജ്യമായ വികസനം മണനാക്കിനും വേണമെന്ന് നാട്ടുകാർ പറയുന്നു.
