മംഗലപുരം : യുവാക്കളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ഒന്നാം പ്രതി ചിലമ്പിൽ പറകോണം ചരുവിള വീട്ടിൽ സ്ക്വയർ ഉണ്ണി എന്ന സുധീപ് (25), രണ്ടാം പ്രതി വാലികോണം പുതുവൽപുത്തൻ വീട്ടിൽ വിഷ്ണു എന്ന അരുൺകുമാർ (22) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി മുരുക്കുംപുഴ കോഴിമട വി. ജി ഭവനിൽ വിവേക് (27) നെ നേരത്തെ റിമാൻഡ് ചെയ്തിരുന്നു.
മംഗലപുരം വെയ്ലൂർ വാലികോണത്ത് ദേവീകൃപയിൽ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന അഖിൽ, ബന്ധുവായ നിതിൻ എന്നിവരെ മുൻ വൈരാഗ്യത്താൽ മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. രണ്ടു പേർക്കും ആക്രമണത്തിൽ പരുക്കേറ്റിരുന്നു. സുധീപിന്റെ പേരിൽ ചിറയിൻകീഴ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്. മംഗലപുരം സിഐ തൻസിം അബ്ദുൽ സമദ്, എഎസ്ഐമാരായ മാഹീൻ, ഹരി സിപിഒമാരായ അപ്പു, പ്രതാപൻ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.