നാടിന് മാതൃകയായി പോത്തൻകോട് യു.പി.എസിലെ സി.ഐ.ടി.യു യൂണിറ്റിലെ ആട്ടോറിക്ഷ തൊഴിലാളികൾ. യൂണിറ്റിന്റെ നേതൃത്വത്തിൽ ആർ.സി.സി യിലേക്കുള്ള രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന സാന്ത്വനം 2020 പദ്ധതിയ്ക്ക് തുടക്കമായി. ആർ.സി.സി യിലേക്ക് രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിച്ച് തിരികെ പോത്തൻകോട് നിന്നും 6 കിലോമീറ്റർ ദൂര പരിധിയിലുള്ളവരെ വീട്ടിൽ തിരികെ എത്തിക്കുന്നതാണ് പദ്ധതി. തൊഴിലാളികളുടെ വരുമാനത്തിൽ നിന്ന് ഒരു വിഹിതം മാറ്റി വച്ചാണ് പദ്ധതിയ്ക്ക് ആവശ്യമായ തുക കണ്ടെത്തുന്നത്. സ്റ്റാന്റിലെ പത്തിലധികം തൊഴിലാളികൾ നിലവിൽ സാന്ത്വനം 2020 ന്റെ ഭാഗമായിരിക്കുന്നത്. സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം സി.പി.ഐ എം ലോക്കൽ സെക്രട്ടറി എൻ.ജി കവിരാജൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു മേഖല പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം എസ്.രാധാദേവി, സി.പി.ഐ എം ലോക്കൽ കമ്മിറ്റിയംഗം അഡ്വ.എസ്.വി സജിത്ത്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം എം.പ്രവീൺ, സി.ഐ.ടി.യു നേതാവ് മലൈക്കോണം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
