ചിറയിൻകീഴ് : പ്രേം നസീർ മെമ്മോറിയൽ ഗവ: ഹൈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ ‘ഓർമ 95′ ന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംഘടനയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അനാവരണവും ലോഗോ പ്രകാശനവും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ വി.ശശി നിർവഹിച്ചു.’കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കേരള സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ പൂർവ വിദ്യാർത്ഥി കൂട്ടായ്മകളെയും മറ്റ് സാമൂഹിക സംഘടനകളെയും സഹകരിപ്പിക്കുന്നതിന് കൂടി സർക്കാർ ആഗ്രഹിക്കുന്നു. സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഓർമ 95 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ മാതൃകാപരമാണെന്ന്’ അദ്ദേഹം വിലയിരുത്തി. കഴിഞ്ഞ ദിവസം (03.11.19) ഡെപ്യൂട്ടി സ്‌പീക്കറുടെ ചിറയിൻകീഴിലെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ ‘ഓർമ 95’ കൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം പി.എൻ.എം.ജി.എച്ച്.എസ് അദ്ധ്യപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
വിദ്യാർത്ഥികൾക്കിടയിൽ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി കൂന്തള്ളൂർ പി.എൻ.എം.ജി.എച്ച്.എസ് സംഘടിപ്പിക്കുന്ന ബെസ്റ്റ് റീഡർ റിയാലിറ്റി ഷോയിലെ ഒന്നും രണ്ടും വീതം സ്ഥാനങ്ങൾ നേടുന്നവർക്ക് ‘ഓർമ 95’ കൂട്ടായ്മ ക്യാഷ് പ്രൈസ് സമ്മാനിക്കും.