കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പിന്നെ കുട്ടിയുമായി അകലാൻ ശ്രമിക്കുകയും, അതേതുടർന്ന് പെൺകുട്ടി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിൽ കിളിമാനൂർ മുളയ്ക്കലത്ത് കാവിന് സമീപം മലയ്ക്കൽ റീനാ മന്ദിരത്തിൽ സംഗീത്(21) അറസ്റ്റിൽ.
സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പിറകേ നടന്ന് പ്രേമാഭ്യർത്ഥന നടത്തിയും പ്രലോഭിപ്പിച്ചും ബൈക്കിലും കാറിലുമൊക്കെയായി പല സ്ഥലങ്ങളിലും കൊണ്ട് പോവുകയും ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി പല ദിവസങ്ങളിലും പീഡിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട് . പെൺകുട്ടിയുടെ ഡയറി , ആത്മഹത്യാ കുറിപ്പ് എന്നിവയിലും ഈകാര്യങ്ങൾ പരാമർശിച്ചിട്ടുണ്ട് . പെൺകുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്മോർട്ടം പരിശോധനയിലും തെളിഞ്ഞിരുന്നു.
കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അസ്വാഭിക മരണത്തിന് 2018 ജൂൺ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസ് പോക്‌സോ എസ്.സി/എസ്ടി ( POA ) ആകടിലെ വകുപ്പുകൾ ചേർത്ത് അന്വേഷണം ലോക്കൽ പോലീസ് നടത്തി വരവേ പെൺകുട്ടിയുടെ മാതാവ് സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം2019 സെപ്തംബറിൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പിയായ ബി.അനിൽകുമാർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് സബ് – ഇൻസ്പെക്ടർ മോഹൻ കുമാർ , എ.എസ്.ഐ ബിനു.കെ, സിപിഒ ബിനു എൽ.എസ് , ഡബ്ലിയുസിപിഒ അനിതകുമാരി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു . പ്രതിയെ കോടതി റിമാന്റ് ചെയ്തു.