കല്ലറ: റോഡ് വികസനത്തിന് വേണ്ടി ഏറ്റെടുത്ത ഭൂമി കൈയേറി അനധികൃത കച്ചവടം നടത്തിയ കടകൾ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ ഉത്തരവ് പ്രകാരം പൊളിച്ചു മാറ്റി. കാരേറ്റ് – കല്ലറ റോഡിൽ താളിക്കുഴിക്ക് സമീപം ഉണ്ടായിരുന്ന കൈയേറ്റങ്ങൾ ആണ് റവന്യൂ അധികൃതർ പൊളിച്ചു നീക്കിയത്. വർക്കല പൊന്മുടി റോഡ് നവീകരണത്തിന്റെ ഭാഗമായി കാരേറ്റ്- കല്ലറ റോഡ് ഭാഗത്തെ സ്ഥലം ഏറ്റെടുത്തു റോഡ് നിർമ്മാണം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് പുറമ്പോക്ക് കൈയേറി കടകൾ നിർമ്മിച്ചത്. വളരെയേറെ വളവുകൾ ഉള്ള ഇവിടെ അനധികൃത കടകൾ കാരണം വാഹനാപകട സാദ്ധ്യത മുന്നിൽ കണ്ടാണ് കളക്ടർ കെ. ഗോപാലകൃഷ്ണൻ ഒഴിപ്പിക്കാൻ നിർദേശം നൽകിയത്. ഇതിന്റ അടിസ്ഥാനത്തിൽ പുളിമാത്ത് വില്ലേജ് അധികൃതർ ഒഴിയാൻ നോട്ടീസ് നൽകിയിട്ടും ഒഴിയാത്ത കൈയേറ്റങ്ങൾ കഴിഞ്ഞ ദിവസം റവന്യൂ അധികൃതർ ഒഴിപ്പിക്കുകയായിരുന്നു.
