പള്ളിക്കൽ :സർക്കാർ ആശുപത്രിക്കായി ഭൂമി വാങ്ങുന്നതിന് പള്ളിക്കൽ മൂതല ഗവ. എൽ.പി. സ്കൂളിലെ കുട്ടികളുടെ കുഞ്ഞുസഹായം.നാട്ടുകാർ ഇതിനായി പണം സമാഹരിക്കുന്നതറിഞ്ഞ കുട്ടികൾ ‘നാടിനൊരു കൈത്താങ്ങ് ‘ എന്നെഴുതിയ പെട്ടി സ്കൂളിൽ സ്ഥാപിച്ചു. ഓരോ ദിവസവും നിക്ഷേപിച്ച നാണയത്തുട്ടുകൾ ചേർത്ത് രണ്ടായിരം രൂപ അവരും സംഭാവനയായി നൽകി. പള്ളിക്കൽ പഞ്ചായത്തിലെ ആയുർവേദ ആശുപത്രി മൂതലയിൽ വർഷങ്ങളായി വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്വകാര്യവ്യക്തി സർക്കാരിലേക്ക് മടക്കി നൽകിയ 36 സെന്റ് കുത്തകപ്പാട്ട ഭൂമിയിൽ ആശുപത്രി കെട്ടിടം നിർമ്മിക്കാൻ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. എന്നാൽ റവന്യൂ ഭൂമി ലഭിക്കുന്നതിന് തടസമുണ്ടായതോടെ നാട്ടുകാർ ഗ്രാമോദ്ധാരണ പൗരസമിതി രൂപീകരിച്ച് ഭൂമിവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ സമാഹരിച്ച ഒമ്പത് ലക്ഷം രൂപ ഉപയോഗിച്ച് നാട്ടുകാർ 10 സെന്റ് ഭൂമി വാങ്ങി പഞ്ചായത്തിന് നൽകി. കുട്ടികൾ സമാഹരിച്ച തുക സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികൾ പൗരസമിതി രക്ഷാധികാരി എസ്.എസ്. ബിജുവിന് കൈമാറി. ചെയർമാൻ സുധീന്ദ്രൻ, സ്കൂൾ അദ്ധ്യാപകൻ പ്രസാദ്, പി.ടി.എ പ്രസിഡന്റ് നൗഫൽ എന്നിവർ പങ്കെടുത്തു.
