വക്കം :തട്ടുകടയിൽ നിന്നും പരാധീനതകളെ അതിജീവിച്ച് രണ്ടാം റാങ്കിലേക്ക്. പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്ത് സരിഗ നേടിയ രണ്ടാം റാങ്കിന് ഒന്നാം റാങ്കിനേക്കാൾ പത്തരമാറ്റ് തിളക്കമാണ്. വക്കം പോസ്റ്റാഫീസിന് സമീപം പുതുവിളാകത്ത് എസ്.കെ നിവാസിൽ സുരേഷ് – ഗംഗ ദമ്പതികളുടെ മകൾ സരിഗ സുരേഷ് ആണ് കേരളാ യൂണിവേഴ്സിറ്റിയിൽ നിന്നും എം.എ സംസ് കൃതം പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയത്. സരിഗയ്ക്ക് അഭിനന്ദനപ്രവാഹമാണ്. 28 വർഷമായി വക്കം റൂറൽ ഹെൽത്ത് സെൻ്ററിനു സമീപം പുറമ്പോക്കിൽ തട്ടുകട നടത്തി ഉപജീവനം നടത്തുകയാണ് സുരേഷിൻ്റെ കുടുംബം. തട്ടുകടയിൽ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം ദിവസങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. പഠനം കൂടാതെ സമയം ലഭിക്കുമ്പോഴെല്ലാം സരിഗ തട്ടുകടയിൽ അമ്മയെ സഹായിക്കാൻ എത്തുമായിരുന്നു. നാലര സെൻ്റ് വസ് തുവിലാണ് നിർമ്മാണം പൂർത്തിയാകാത്ത വീട് സ്ഥിതി ചെയ്യുന്നത്. സുരേഷിൻ്റെ മൂത്ത മകളായ സുഖിതയെ ബി.എസ്.സി നഴ് സിംഗ് പഠിപ്പിച്ചു. പഠനം പൂർത്തിയാക്കി സുഖിതയെ കല്ല്യാണം കഴിച്ചുവിട്ടു. കടം വാങ്ങിയും മറ്റുമാണ് പഠനം നടത്തിയതും കല്ല്യാണം കഴിപ്പിച്ചതും. ഈ കടം ഇപ്പോഴും വീട്ടാനാകാതെ ബുദ്ധിമുട്ടുകയാണ് ഈ കുടുംബം. എന്നിരുന്നാലും ഇളയ മകളായ സരിഗയുടെ പഠനചെലവിന് ഒരു കുറവും ഉണ്ടാക്കിയിട്ടില്ല. ഇത് കണ്ടറിഞ്ഞുകൊണ്ട് സരിഗ ട്യൂഷനു പോലും പോകാതെ രാപ്പകലില്ലാതെ പഠിച്ച് നേടിയതാണ് ഈ രണ്ടാം റാങ്ക്. സരിഗയ്ക്ക് എംഫില്ലും, പി.എച്ച്.ഡിയും പഠിച്ച ശേഷം കോളേജിൽ പ്രൊഫസർ ആയി പോകാനാണ് ആഗ്രഹം. സരിഗയുടെ സ്വപ് നം സാക്ഷാത് കരിക്കാൻ ഉന്നതപഠനത്തിനും യാതൊരു കുറവുകളും അറിയിക്കാതെ തന്നെ പഠിപ്പിക്കാനാണ് സുരേഷിൻ്റെയും ഗംഗയുടെയും തീരുമാനം. എന്നാൽ ഈ ചെലവുകൾ എങ്ങനെ കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് ഈ നിർധന കുടുംബം.
