മലയിൻകീഴ്: ബൈക്കിലെത്തിയ യുവാവ് വയോധികയുടെ മാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മഞ്ചാടി അഭയ ഗ്രാമത്തിന് എതിർവശത്തുള്ള തുണ്ടുവിള വീട്ടിൽ കമലാക്ഷിയമ്മ(86)യുടെ മാലയാണ് പിടിച്ചുപറിച്ചത്.
വീടിന്റെ ഗേറ്റിന് അകത്തു നിൽക്കുകയായിരുന്ന കമലാക്ഷിയമ്മയുടെ അടുത്ത് ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് ‘എന്നെ മനസ്സിലായില്ലേ’ എന്നു ചോദിച്ച് അടുത്തെത്തുകയായിരുന്നു. ഹെൽെമറ്റ് ഊരാൻ ആവശ്യപ്പെടുന്നതിനിടെ കമലാക്ഷിയമ്മയുടെ ചെറുമകൾ ആര്യയും വീട്ടിൽനിന്നു പുറത്തേക്കുവന്നു. ഇതിനിടെ കമലാക്ഷിയമ്മ പിറകിലേക്കു തിരിഞ്ഞപ്പോൾ യുവാവ് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു.
മാലയും ലോക്കറ്റുമായി 10 ഗ്രാം തൂക്കമുണ്ടെന്നാണ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. മലയിൻകീഴ് പോലീസ് അന്വേഷണം ആരംഭിച്ചു.