ആറ്റിങ്ങൽ : ലക്ഷങ്ങള്‍ മുടക്കി ആറ്റിങ്ങല്‍ ഗവണ്‍മെന്‍റ് ഐ.റ്റി.ഐയ്ക്കു മുന്നിലുള്ള നടപ്പാത പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. നടപ്പാതയും, കമ്പിവേലിയും കാടുപിടിച്ചു കിടക്കുന്നതു മൂലം ഇവിടം ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നടപ്പാതയുടെ നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്നും ഒരാള്‍ക്ക് മാത്രം കഷ്ടിച്ച് നടന്നു പോകാനുളള വീതിയേ നടപ്പാതയ്ക്ക് ഉളളൂവെന്നും നാട്ടുകാർ അഭിപ്രായപെടുന്നുണ്ട്.
ഇപ്പോൾ കാടുപിടിച്ച നടപ്പാതയിലൂടെ ആരും നടക്കാറില്ല . റോഡിലൂടെയാണ് ആളുകൾ നടക്കുന്നത്, ഇതുമൂലം ഇവിടം അപകടങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്.ഐ.റ്റി.ഐ യില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കൂടാതെ
രാത്രികാലങ്ങളില്‍ നടപ്പാതയില്‍ ചേര്‍ന്നുള്ള പോസ്റ്റിലെ ലൈറ്റുകള്‍ പോലും കത്തുന്നില്ല.
ഈ പ്രദേശത്ത് നാലുവരി പാത നിര്‍മ്മിക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ക്കു തുടക്കം കുറിച്ചു എന്ന സര്‍ക്കാര്‍ പറയുമ്പോള്‍ ലക്ഷങ്ങള്‍ ഖജനാവില്‍ നിന്നും മുടക്കി ജനങ്ങള്‍ക്കു യാതൊരു ഉപയോഗപ്രദമല്ലാത്ത ഈ നടപ്പാതനിര്‍മ്മിച്ചുവെങ്കിലും അതു പരിപാലിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്ന് നാട്ടുകാർ ആക്ഷേപിച്ചു.