കാട്ടാക്കട: വഴിയരികിൽ അവശതയിൽ കണ്ട വയോധികയ്ക്ക് ബന്ധുക്കളെ കണ്ടെത്തി നൽകി കാട്ടാക്കട ജനമൈത്രി പൊലീസ്. തമിഴ്നാട് സ്വദേശിയായ രത്നത്തിനാണ് (73) മാസങ്ങൾക്കൊടുവിൽ ബന്ധുക്കളെ തിരികെ ലഭിച്ചത്. മൂന്നു മാസം മുൻപാണ് കുരുതംകോട് ബസ് സ്റ്റോപ്പിൽ നിന്നും പട്രോളിംഗിനിടെ കാട്ടാക്കട പൊലീസ് രാത്രി വൃദ്ധയെ കണ്ടെത്തുന്നത്. തുടർന്ന് ഇവരോട് വിവരങ്ങൾ തിരക്കി എങ്കിലും തമിഴിൽ ചില കാര്യങ്ങൾ പറഞ്ഞതല്ലാതെ എവിടെയെന്നോ ആരൊക്കെ ഉണ്ടെന്നോ ഒന്നും പറഞ്ഞിരുന്നില്ല.
കാട്ടാക്കടയിലെ മാർത്തോമാ ഷെൽട്ടർ ഹോമിൽ ഇവരെ പരിചരിച്ചു വരികയായിരുന്നു. ഇതിനിടെ രത്‌നത്തിന്റെ ഫോട്ടോയുമായി കാട്ടാക്കട പൊലീസ് പാറശാല അമരവിള തുടങ്ങിയ സ്ഥലങ്ങളിൽ അന്വേഷണം നടത്തി. പ്രദേശത്തെ ചിലർ ഇവരെ തിരിച്ചറിയുകയും തുടർന്ന് തിങ്കളാഴ്ച രത്നത്തിന്റെ ഭർത്താവും മക്കളും മാർത്തോമ ഷെൽട്ടറിൽ എത്തി ഇവരെ കൂട്ടിക്കൊണ്ടു പോയി. കാട്ടാക്കട പൊലീസ് ഇൻസ്‌പെക്ടർ ഡി. ബിജുകുമാർ, എസ്.ഐ. ഗംഗാ പ്രസാദ്, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒ ഹരികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ബന്ധുക്കളെ കണ്ടെത്തിയത്