നാവായിക്കുളം : മാനസികനില തെറ്റിയ അമ്മയെയും മക്കളെയും ചെറുവള്ളിമുക്ക് കൊടുമൺ ഡോ.അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്റർ ഏറ്റെടുത്തു. നാവായിക്കുളത്ത് ഒരു പുളിമരത്തിന്റെ ചുവട്ടിൽ താമസിച്ചുവന്നിരുന്ന ഷൈനിക്കും മക്കളായ 16 വയസ്സുള്ള ആമിന 11 വയസ്സുള്ള അൽഫിയ 9 വയസ്സുള്ള മുഹമ്മദ് ബിലാൽ എന്നിവർക്കാണ് കാരുണ്യത്തിന്റെ വാതിൽ തുറക്കപ്പെട്ടത്. മാനസികമായി വെല്ലുവിളി നേരിടുന്നവരെ ഏറ്റെടുത്ത് അവർക്ക് വേണ്ട സംരക്ഷണം നൽകി മുന്നോട്ട് നീങ്ങുന്ന ചാരിറ്റബിൾ സൊസൈറ്റിയാണ് ഡോ. അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്റർ ഫോർ ദി മെന്റലി ചലഞ്ചട് ഹോം ഫോർ ദി എൽഡർലി എന്ന സ്ഥാപനം. 19 വർഷത്തിന് മുൻപ് മോഹനൻ സ്വാമി തുടങ്ങി വെച്ച സ്ഥാപനം ഇന്ന് അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മകൾ മോഹരശ്മിയുടെ മേൽനോട്ടത്തിലാണ്.
ഭിക്ഷ എടുത്ത് ജീവിതം തള്ളി നീക്കിയ ഷൈനിയും മക്കളും കല്ലമ്പലം ഭാഗത്ത് കൂടി ഭിക്ഷ നടത്തി പോകുന്നത് കണ്ട നാട്ടുകാരിൽ ചിലർ ആറ്റിങ്ങൽ പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും പിങ്ക് പോലീസ് എത്തി ഷൈനിയുടെയും മക്കളുടെയും കാര്യങ്ങൾ മനസ്സിലാക്കി അവരുടെ താമസ സ്ഥലയത്തെക്ക് പോയി. ഒരു പുളിമരത്തിന്റെ ചുവട്ടിലാണ് ഇവരുടെ താമസമെന്ന് മനസ്സിലാക്കിയ പിങ്ക് പോലീസ് അടുത്തുള്ള ബന്ധുക്കളെ വിളിച്ച് ഇവരെ മറ്റൊരു സംഘടനയോ ആരെങ്കിലും ഏറ്റെടുക്കുന്നതുവരെ ബന്ധുക്കൾ സംരക്ഷണം നൽകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അവരുടെ ജീവിതം അവിടെ സുരക്ഷിതമല്ലെന്ന് ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം നൽകിയ വാർത്തയാണ് ഇപ്പോൾ അവർക്ക് വെളിച്ചത്തിന്റെ പുതിയ ലോകം കാണാൻ അവസരമൊരുക്കുന്നത്.
ഇപ്പോൾ ഇവരെ ഏറ്റെടുത്ത ഡോ.അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്ററിൽ മക്കൾക്കുള്ള വിദ്യാഭ്യാസവും നൽകുന്നുണ്ട്. ഷൈനിയുടെ മക്കളിൽ മൂത്ത മകൾക്ക് മാനസിക പ്രശ്നമില്ലെങ്കിലും ജീവിതാനുഭവം കാരണം പ്രത്യേകമായ ഒരു അവസ്ഥയിലാണുള്ളത്. മറ്റു രണ്ടു മക്കളും അടിയും ബഹളവുമൊക്കെ ആണെന്നും അതിനാൽ ഇരുവർക്കും പ്രത്യേകമാണ് ക്ലാസുകൾ എടുക്കുന്നത്. ഇവർക്കുവേണ്ട ആരോഗ്യപരമായ പരിശോധനകളും മറ്റ് എല്ലാവിധ സംരക്ഷണവും ഡോ.അംബേദ്കർ മെമ്മോറിയൽ റീഹാബിലിറ്റേഷൻ സെന്ററിൽ ഉണ്ടെന്ന് മോഹരശ്മി പറഞ്ഞു.
ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത :-
മാനസിക നില തെറ്റിയ അമ്മയും മക്കളും ഭിക്ഷാടനം നടത്തി ജീവിക്കേണ്ട ഗതി, സംഭവം നവായ്ക്കുളത്ത്