കല്ലമ്പലം : കല്ലമ്പലത്ത് സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ചെന്ന് പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. വർക്കലയിലേക്ക് പോകുകയായിരുന്ന ലാവണ്യ ബസ്സിലെ ജീവനക്കാർക്ക് മർദനമേൽക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
വർക്കലയിലേക്ക് പോകവെ മാവിന്മൂടിന് സമീപത്ത് വെച്ച് ബസ്സിന് മുന്നിലൂടെ പോയ കാർ സഡൻ ബ്രേക്ക് പിടിച്ചതിനെ തുടർന്ന് ബസ്സും ബ്രേക്ക് ചവിട്ടി, എന്നാൽ ബസ്സിന് പുറകെ വന്ന ബൈക്ക് യാത്രക്കാരന് ബ്രേക്ക് പിടിച്ചിട്ട് കിട്ടിയില്ലെന്നും അതിന്റെ ദേഷ്യത്തിൽ ബൈക്ക് യാത്രക്കാരൻ ബസ്സിനെ ഓവർടേക് ചെയ്ത് ചേന്നൻകോഡ് വരെ ബ്രേക്ക് പിടിച്ച് നിർത്തിയും എടുത്തും ബസ്സുകാരെ കളിപ്പിച്ചെന്നും ബസ് ജീവനക്കാർ പറയുന്നു. മാത്രമല്ല ചേന്നൻകോഡ് എത്തിയപ്പോൾ ബൈക്ക് നിർത്തി അവിടെയുള്ള ഒരു സുഹൃത്തിനെയും കൂട്ടി ജീവനക്കാരെ മർദിക്കുകയായിരുന്നത്രെ. ബസ്സിന്റെ ട്രിപ്പും മുടങ്ങി. ജീവനക്കാർ കല്ലമ്പലം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
എന്നാൽ മാവിന്മൂടിന് സമീപത്ത് വെച്ച് ബൈക്കിൽ തട്ടിയെന്നും അത് ചോദ്യം ചെയ്തതാണെന്നും ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പറയുന്നു. അങ്ങനെ അവരും കല്ലമ്പലം പോലീസിൽ പരാതി നൽകി.
								
															
								
								
															
				

