ആറ്റിങ്ങൽ : ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ ടാറിംഗ് പണികൾ പൂർത്തീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മെറ്റലും പാറയും മണ്ണും മാറ്റാൻ അധികൃതർക്ക് ഇനിയും സമയം ആയിട്ടില്ല. നീണ്ടനാളത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു ആറ്റിങ്ങൽ ബസ്റ്റാൻഡ് നവീകരണം, എന്നാൽ ബസ്റ്റാൻഡിന്റെ നവീകരണം കഴിഞ്ഞ് ബസ്റ്റാൻഡ് വീണ്ടും പ്രവർത്തനം ആരംഭിച്ചപ്പോൾ സ്റ്റാൻഡിനുള്ളിൽ അവിടവിടെയായി കൂട്ടി വച്ചിരിക്കുന്ന പാറയും മണലും യാത്രക്കാർക്കും വ്യാപാരികൾക്കും ബസ്സുകൾക്കും ദുരിതം വിതയ്ക്കുന്നു.
സ്റ്റാൻഡിനുള്ളിൽ ഫുട്പാത്തിൽ കൂട്ടി വെച്ചിരിക്കുന്ന പാറക്കൂട്ടം കാലിൽ തട്ടി യാത്രക്കാർ വീഴുന്നു. മാത്രമല്ല യാത്രക്കാർക്ക് സ്റ്റാൻഡിൽ ബസ് കാത്ത് നിൽക്കാനും ഇത് ആസൗകര്യമാണ്. സ്റ്റാൻഡിനുള്ളിലെ കടകൾക്ക് മുൻപിൽ ഇത്തരം പാറയും മണ്ണും ഉള്ളതിനാൽ കച്ചവടത്തെയും മോശമായി ബാധിക്കുന്നു. ഇതിനെല്ലാം അപ്പുറം ബസ്സുകൾക്ക് സുഗമമായി കയറാനും ഇറങ്ങാനും കഴിയുന്നില്ല. അല്ലെങ്കിൽ തന്നെ ബസ്സുകളും യാത്രക്കാരും എല്ലാം കൊണ്ട് സ്റ്റാൻഡിന് വിങ്ങലാണ്. ബസ്സിന്റെയും യാത്രക്കാരുടെയും എണ്ണം കൂടി എന്നല്ലാതെ സ്റ്റാൻഡിനു വലിപ്പം വെച്ചില്ല. അപ്പോൾ ഉള്ള സ്ഥലം ഇങ്ങനെ നഷ്ടമാകുമ്പോൾ മൊത്തത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാണ്. ടാർ ഇട്ടതിൽ ആളുകൾക്ക് സന്തോഷം ഉണ്ടെങ്കിലും ചെയ്ത പണി പൂർത്തീകരിക്കാത്തതിൽ ബുദ്ധിമുട്ടും ഉണ്ട്. അടിയന്തിരമായി സ്റ്റാൻഡിനുള്ളിലെ തടസങ്ങൾ നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.